Saturday, November 28, 2009

അന്നൊരിക്കല്‍

ഒരിക്കല്‍ സ്വരങ്ങളും വ്യഞ്ജനങ്ങളും കൂടി ഒരു യാത്ര പോയി
പോണ പോക്കില്‍ വഴിയോരത്തിരുന്ന നാട്ടുമാവ്
തേന്‍ കിനിയുന്ന മാമ്പഴത്തോടൊപ്പം
ഒരമ്മയുടെ മഴക്കാലമൊഴിയാത്ത കണ്ണിനെ കണി കാണിച്ചു.
പിന്നെ.....വഴുവഴുക്കുന്ന.. ഞരമ്പുള്ള ..
പാടത്തിനരികില്‍ നില്ക്കുമ്പോഴാണ്
വെള്ളത്തിന്റെ മുഴക്കം ഞരക്കം പോലെ കേട്ടത്.
കൈത്തോടിന്റെ കുപ്പിക്കഴുത്ത് ചാടിക്കടന്നപ്പോള്‍
സ്വരം വ്യഞ്ജനത്തോടു പറഞ്ഞു....
പേടി വേണ്ട, പൊരുത്തങ്ങള്‍ പൊരുത്തക്കേടുകള്‍ക്കുളളിലല്ലേ?
പോണ വഴിയില്‍ കണ്ട കരിവീരന്‍ ... സഹ്യപുത്രന്‍
കാതില്‍ അടക്കം പറഞ്ഞു...
കാനനത്തില്‍ അമൃതിനെക്കാള്‍ മേലെയാം തണ്ണീര്‍
പയ്യാരം പറയുന്ന കൊയ്ത്തുപാടങ്ങള്‍ക്കു ഇനിയുമെന്തോ പറയാനുണ്ടെന്നു
സ്വരവും വ്യഞ്ജനവും ഉള്ളാലെയറിഞ്ഞിരുന്നു..അതുകൊണ്ടാവണം
കവിതയുടെ പാടങ്ങളിലിന്നും പുതിയ ചലനങ്ങളും ശബ്ദങ്ങളും
മുഴങ്ങി തുടികൊട്ടിയുണരുന്നത്

Friday, November 20, 2009

തോണിക്കാരനോട്

തോണിക്കാരാ തോണിക്കാരാ
ഓട്ടത്തോണിയിലെന്തിനേ
രണ്ടു തുഴകള്‍
ഒന്നിടത്തേക്കും ഒന്നു വലത്തേക്കും തുഴയാന്‍
ഇടത്തേക്കായാല്‍ ഏതാ ലോകം
വലത്തേക്കായാല്‍ ഏതാ ലോകം
ഇടതേപോയാല്‍ പകലില്‍ മരണം
വലതേപോയാല്‍ രാവില്‍ മരണം
തോണിക്കാരാ തോണിക്കാരാ
പകലൊടുങ്ങും മുമ്പേ
രാവണയും മുമ്പേ
ഓട്ടത്തോണിയില്‍ പ്രളയം മുമ്പേ.
തോണിക്കാരാ തോണിക്കാരാ
മൂവന്തിക്കൊരു തുഴ നീ തരിക